കരാര്‍ ലഭിച്ച് എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറവും നിബന്ധനപ്രകാരമുള്ള പണികള്‍ പൂര്‍ത്തിയാക്കിയില്ല; കൊയിലാണ്ടി ബസ് സ്റ്റാന്റ് നവീകരണച്ചുമതലയുള്ള കമ്പനിയ്ക്കെതിരെ നിയമപ്രകാരമുളള നടപടികളുമായി നഗരസഭ


കൊയിലാണ്ടി: കൊയിലാണ്ടി മുനിസിപ്പല്‍ പുതിയ ബസ്സ്റ്റാന്‍ഡ് നവീകരണത്തിന് സ്വകാര്യസ്ഥാപനവുമായി നഗരസഭ ഉണ്ടാക്കിയ നിബന്ധനകളില്‍ പകുതിയിലേറെയും പാലിച്ചില്ല. 2014 ജൂണ്‍ 30നാണ് കോഴിക്കോട് സോളസ് ആന്റ് സൊലൂഷന്‍സ് എന്ന കമ്പനിയും മുനിസിപ്പല്‍ സെക്രട്ടറിയും തമ്മില്‍ ധാരണപത്രം ഒപ്പുവെച്ചത്. എന്നാല്‍ എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറവും ധാരണാപത്രപ്രകാരം പറഞ്ഞ കാര്യങ്ങളില്‍ മിക്കതും കടലാസില്‍ തന്നെ ഒതുങ്ങിനില്‍ക്കുകയാണ്.

സ്റ്റാന്‍ഡില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച് ബസ് സ്റ്റാന്‍ഡ് പരിപാലനത്തിനും നവീകരണത്തിനുമുള്ള ചെലവ് കണ്ടെത്താനായിരുന്നു ധാരണ. ഇതുപ്രകാരം പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്റ്റാന്റിനു മുമ്പില്‍ ടൈല്‍ വിരിയ്ക്കുകയും ചെയ്തിട്ടുണ്ട്. ബസ് സ്റ്റാന്റില്‍ ആവശ്യത്തിന് വാട്ടര്‍കൂളറുകള്‍ സ്ഥാപിക്കണമെന്നായിരുന്നു ധാരണയെങ്കില്‍ ഒരു വാട്ടര്‍കൂളര്‍ മാത്രമാണ് കമ്പനി സ്ഥാപിച്ചത്. ഇതാണെങ്കില്‍ ഇപ്പോള്‍ ഉപയോഗശൂന്യമായ അവസ്ഥയിലാണെന്നാണ് നഗരസഭാ പ്രതിപക്ഷ നേതാവ് വി.പി ഇബ്രാഹിംകുട്ടി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.

ബസ് സ്റ്റാന്റ് പെയിന്റിങ്, ഇരിപ്പിടങ്ങള്‍ സ്ഥാപിക്കല്‍, ആവശ്യത്തിന് കുടിവെള്ള സൗകര്യം, ടൈല്‍സ് ഒട്ടിക്കല്‍, മെയിന്റനന്‍സ്, ലൈറ്റ് സ്ഥാപിക്കല്‍, ബസ് വെയിറ്റിങ് ഷെഡുകള്‍, ബസ്സ്റ്റാന്‍ഡിന് അകത്തേക്കും പുറത്തേക്കുമുള്ള ഫുട്പ്പാത്ത് കൈവരികള്‍ സ്ഥാപിച്ച് ആകര്‍ഷകമാക്കുക, ബസുകള്‍ പോകുന്നസ്ഥലങ്ങളുടെ പേരുകള്‍ ബസ്‌ബേകളില്‍ പ്രദര്‍ശിപ്പിക്കുക എന്നിവയൊക്കെ സ്ഥാപിക്കുമെന്നായിരുന്നു നിബന്ധന. ഇതിനു പുറമേ കോഴിക്കോട്ട് ഭാഗത്തേക്ക് പോകുന്ന ദീര്‍ഘദൂരബസുകള്‍ക്ക് വെയിറ്റിങ് ഷെഡും താമരശ്ശേരിറൂട്ടില്‍ കോതമംഗലംഭാഗത്ത് ബസ് വെയിറ്റിങ് ഷെഡും സ്ഥാപിക്കുമെന്നും ധാരണയുണ്ടായിരുന്നു. എന്നാല്‍ ഒരു വാട്ടര്‍കൂളറും കുറച്ച് മാത്രം ഇരിപ്പിടങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. പെയിന്റിങ് കൃത്യമായി നടത്തിയിട്ടില്ല. ടി.വി പരസ്യത്തിനുവേണ്ടി വിജയ് കമ്മ്യൂണിക്കേഷന്‍സിനുവേണ്ടി ഒരു മുറി മേല്‍വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. അന്നത്തെ കൗണ്‍സില്‍ ഈ പ്രവൃത്തികള്‍ ചെയ്യാനായി മൂന്നുവര്‍ഷം വാടക കമ്പനിക്ക് നഗരസഭ ഇളവുകൊടുത്തിരുന്നു. മൂന്നുവര്‍ഷം കഴിഞ്ഞ് 2020വരെ അവര്‍ വാടക അടച്ചു. എന്നാല്‍ ഇപ്പോള്‍ ഒന്നരവര്‍ഷമായി പൈസ അടച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ത നഗരസഭാ ധനകാര്യ കമ്മിറ്റി അവരെ വിളിച്ചുവരുത്തി നിബന്ധന പ്രകാരമുള്ള പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുക അല്ലെങ്കില്‍ എത്രയും പെട്ടെന്ന് ചുമതലയില്‍ നിന്ന് മാറുകയെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.

4,62,918 രൂപ സ്വകാര്യ സ്ഥാപനം നഗരസഭയ്ക്ക് വാടകയിനത്തില്‍ കുടിശ്ശികയായി നല്‍കാനുണ്ട്. കൃത്യസമയത്ത് പ്രതിമാസവാടക അടയ്ക്കാത്തതിന് 23,021 രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. എല്ലാവര്‍ഷവും വാടകയില്‍ അഞ്ചുശതമാനം വര്‍ധന വരുത്തിയതിനാല്‍ പ്രതിമാസം 21,880 രൂപയാണ് സ്വകാര്യസ്ഥാപനം നഗരസഭയ്ക്ക് വാടകയായി നല്‍കേണ്ടത്. കോവിഡ് കാലത്ത് പ്രതിമാസവാടകയില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട സ്വകാര്യസ്ഥാപനം നഗരസഭയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നഗരസഭ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് മുനിസിപ്പല്‍ സെക്രട്ടറി സുരേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നിയമപ്രകാരമുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം ലഭിക്കുന്ന മുറയ്ക്ക് വേണ്ട തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.