കരവിരുതിന്റെ വിസ്മയത്തിന് തപാല്‍വകുപ്പിന്റെ അംഗീകാരം; ഇരിങ്ങല്‍ സര്‍ഗാലയയ്ക്ക് ആദരവുമായി പ്രത്യേക തപാല്‍കവര്‍


പയ്യോളി: കരവിരുതിന്റെ രംഗത്ത് വിസ്മയംതീര്‍ത്ത ഇരിങ്ങല്‍ സര്‍ഗാലയ കേരള കലാ-കരകൗശല ഗ്രാമത്തിന് തപാല്‍വകുപ്പിന്റെ അംഗീകാരം. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധനേടിക്കൊണ്ട് പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ഗാലയയ്ക്കുള്ള ബഹുമതിയായി തപാല്‍വകുപ്പ് പ്രത്യേക കവര്‍ പുറത്തിറക്കി.

കവറില്‍ സര്‍ഗാലയ പിന്നിട്ട പത്തുവര്‍ഷം സുവര്‍ണകാലമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഫിലാറ്റിക് ബ്യൂറോകളില്‍നിന്നും സര്‍ഗാലയയില്‍നിന്നും 20 രൂപയ്ക്ക് കവര്‍ ലഭിക്കും. മികച്ച ഫിലാറ്റിക് മൂല്യമുള്ളതാണ് സര്‍ഗാലയ കവര്‍. ചടങ്ങ് കാനത്തില്‍ ജമീല എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

ഉത്തരമേഖലാ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ടി. നിര്‍മലാ ദേവി സ്‌പെഷ്യല്‍ കവര്‍ പ്രകാശനംചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സി.പി. ഫാത്തിമ അധ്യക്ഷയായി. യു.എല്‍.സി.സി.എസ്. ചെയര്‍മാന്‍ പാലേരി രമേശന്‍, എം.ഡി.എസ്. ഷാജു, കൗണ്‍സിലര്‍ പി. മുഹമ്മദ് അഷറഫ്, വടകര പോസ്റ്റല്‍ ഡിവിഷന്‍ സൂപ്രണ്ട് സി.കെ. മോഹനന്‍, സര്‍ഗാലയ സി.ഇ.ഒ. പി.പി. ഭാസ്‌കരന്‍, ജനറല്‍ മാനേജര്‍ ടി.കെ. രാജേഷ്, ഹോസ്പിറ്റാലിറ്റി മാനേജര്‍ എം.ടി. സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന സര്‍ക്കാര്‍ വിനോദസഞ്ചാരികള്‍ക്കായി തെരഞ്ഞെടുത്ത 12 മികച്ച ടൂറിസം അനുഭവങ്ങളിലൊന്നാണ് ഇരിങ്ങലിലെ സര്‍ഗാലയ കരകൗശലഗ്രാമം. കരകൗശലമേഖലയില്‍ സംസ്ഥാനത്ത് ആദ്യമായി സ്ഥാപിതമായ ഈ ഗ്രാമം ചുരുങ്ങിയ കാലംകൊണ്ടുതന്നെ ദേശീയ തലത്തില്‍ ശ്രദ്ധനേടിയിരുന്നു. കേന്ദ്ര വിനോദസഞ്ചാരമന്ത്രാലയം നല്‍കുന്ന രാജ്യത്തെ ഏറ്റവും മികച്ച ഗ്രാമീണ വിനോദസഞ്ചാര പദ്ധതിക്കുള്ള ദേശീയ പുരസ്‌കാരവം 2016ല്‍ സര്‍ഗാലയ സ്വന്തമാക്കിയിരുന്നു. 2017-ല്‍ കേരള ടൂറിസം സംസ്ഥാനത്തെ എറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രമായും തിരഞ്ഞെടുത്തു. കൂടാതെ, 2016-ല്‍ സൗത്ത് എഷ്യന്‍ ട്രാവല്‍ അവാര്‍ഡും ലഭിച്ചു. ഇതുകൂടി കണക്കിലെടുത്താണ് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ആദരം തപാല്‍വകുപ്പും നല്‍കിയത്.