ഒരു നാടിന്റെ കാത്തിരിപ്പിന് വിരാമം; തോരായിക്കടവിൽ ഉടൻ പാലമുയരും; നടപടിക്രമങ്ങളെല്ലാം പൂർത്തിയായി


കൊയിലാണ്ടി: ഒരു നാടിൻറെ ആഗ്രഹ സാഫല്യത്തിന്റെ നാളുകളാണിത്. ഏറെ നാളുകളായുള്ള ചർച്ചകൾക്കും നിരന്തരമായ ഇടപെടലുകൾക്കുമൊടുവിൽ തോരായിക്കടവ് പാലം യാഥ്യാർഥ്യമാകുന്നു. പാലത്തിനു ടെൻഡർ ആയി. പാലം പൂർണ്ണമായും കിഫ്ബി ഫണ്ടിൽ നിന്നാണ് നിർമിക്കുന്നത്. മണ്ഡലത്തിലെ വേഗത്തിൽ ടെണ്ടറിലേക്ക് എത്തിയതും കിഫ്‌ബി ഫണ്ട് പൂർണമായും ഉപയോഗിക്കുന്ന ആദ്യത്തെ പാലമാണ് തോരായിക്കടവ് പാലം. നിരവധി യാത്രക്കാർക്ക് ആശ്വാസമായാണ് പാലം വരുന്നത്. ഇവിടം കടക്കാനായി കടത്തു തോണിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

കെ.ആർ.എഫ്.ബി തിരുവനന്തപുരം ഓഫീസിൽ നിന്നും ചെയ്ത ടെണ്ടറിൽ ഫെബ്രുവരി 24 വരെ പങ്കെടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. പാലത്തിന്റെ ആകെ നീളം 265 മീറ്ററാണ്. 21 കോടി 61 ലക്ഷം രൂപയാണ് ഭൂമിയേറ്റെടുക്കലിനുൾപ്പെടെ നിർമാണ ചെലവായി കണക്കാക്കിയിരിക്കുന്നത്. ദേശീയ ജലപാതയ്ക്ക് വേണ്ടി പാലത്തിന്റെ സെന്റർ സ്പാനിൽ വരുത്തിയ മാറ്റം കാരണം നേരെത്തെ തയ്യാറാക്കിയ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യേണ്ടി വന്നു. ഭേദഗതി പ്രകാരം ആവശ്യമായിവന്ന അധിക തുകയ്ക്ക് വീണ്ടും കിഫ്ബിയിൽ നിന്നും സാമ്പത്തികാനുമതി തേടേണ്ടി വന്നു.

പാലം യാഥാർത്ഥ്യമാവുന്നതോടെ പൂക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് – കുറ്റ്യാടി സംസ്ഥാന പാതയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. തിരിച്ച് ദേശീയ പാതയിലേക്കും കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും കിഴക്കൻ മേഖലയിൽ നിന്നുള്ളവർക്കും ഇത് പ്രയോജനപ്രദമാണ്.

കടവിന്റെ പടിഞ്ഞാറ് ദേശീയപാതയായ പൂക്കാടുനിന്ന് 3.4 കിലോമീറ്ററും സംസ്ഥാനപാതയായ കൊട്ടശ്ശേരിയിൽനിന്നും 1.5 കിലോമീറ്ററുമാണ് പാലത്തിലേക്കുള്ളത്. നിലവിൽ ഈ ഭാഗങ്ങളിലെല്ലാം എട്ടു മീറ്റർ വീതിയുണ്ട്. കടവിന്റെ ഇരുഭാഗത്തുമുള്ള നാട്ടുകാർ സഞ്ചാരത്തിന് കടവിനെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. പാലം യാഥാർഥ്യമാകുന്നതോടെ കൊയിലാണ്ടി കാപ്പാട് എന്നിവിടങ്ങളിലേക്കും കിഴക്കൻ മേഖലകളിലേക്കും എളുപ്പത്തിൽ എത്താൻ സാധിക്കും. അത്തോളി, ചേമഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന രണ്ടാമത്തെ പാലമാണ് തോരായിക്കടവ് പാലം.

257.5 മീറ്റർ നീളത്തിൽ 12 മീറ്റർ വീതിയിലുള്ള പാലമാണ് നിർമിക്കുക. 8 തൂണുകളിലായി ആകെ 9 സ്പാനുകൾ ഉണ്ടാകും. ഇതിൽ 8 സ്പാനുകൾക്ക് ശരാശരി 26 മീറ്റർ നീളമുണ്ടാവും. മധ്യഭാഗത്തെ സ്പാനിന് ദേശീയ ജലപാത കടന്നു പോകുന്നതിനാൽ 50 മീറ്റർ നീളവും ജലനിരപ്പിൽ നിന്ന് 6 മീറ്റർ ഉയരവുമുണ്ടാവും.

“നാടിന്റെ വികസനത്തിനൊപ്പം മാതൃകാപരമായി ചേർന്ന് മുൻകൂറായി ഭൂമി വിട്ടു നൽകിയ നല്ലവരായ നാട്ടുകാർ… പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട മുൻ എം.എൽ.എ ദാസേട്ടൻ… പാലം കമ്മറ്റി പ്രവർത്തകർ… അവരുടെയെല്ലാം മുൻകാല പ്രവർത്തനങ്ങളുടെ തുടർച്ചയായി പിന്നീടിങ്ങോട്ട് നടത്തിയ നിരന്തരമായ ഇടപെടലുകളിലൂടെ പ്രതിബന്ധങ്ങളെല്ലാം പരിഹരിച്ച് നാമിപ്പോൾ നിർണ്ണായക ഘട്ടത്തിലേക്കാണെത്തിയിരിക്കുന്നത്.” നാടിനും ഇതിന്റെ മുൻകാല പ്രവർത്തകർക്കും നന്ദി അർപ്പിച്ച് കാനത്തിൽ ജമീല എം.എൽ.എ ഫേസ്ബുക്കിൽ കുറിപ്പ് എഴുതി.