ഒമിക്രോണിനെ നിസാരനായി കാണല്ലേ, സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും; കണക്കുകൾ ഉൾപ്പെടെ വിശദീകരിച്ച് കോഴിക്കോട്ടെ ഡോ.അനൂപ് എ .എസ്


കോഴിക്കോട്: ഒമിക്രോണിനെ ഭയപ്പെടേണ്ടന്നും അത് പ്രശ്നക്കാരനല്ലെന്നുമുള്ള തരത്തിൽ നിരവധി വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഡോ.അനൂപ്എ.എസ് എഴുതിയ കുറിപ്പ് പ്രസക്തമാവുന്നത്. വാക്സിൻ എടുക്കാത്തവരിലും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിലും കോവിഡ് ഒമിക്രോൺ ഗുരുതരമായി ബാധിക്കും എന്ന വസ്തുത നമ്മൾ ഓരോരുത്തരും മനസ്സിലാക്കണം എന്നാണ് അനൂപിന്റെ കുറുപ്പിലുള്ളത്. കോവിഡ് കണക്കുകളും താൻ ജോലി ചെയ്യുന്ന ആശുപത്രിയിലെ ഒമിക്രോൺ നേർകാഴ്ചകളും ഉൾപ്പെടുത്തിയാണ് കുറിപ്പ്.

നിപ വൈറസ് ബാധയ്ക്കെതിരായ പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന പ്രവർത്തകനായിരുന്നു ഡോ.അനൂപ്.

പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്:

കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30%ത്തിന് മുകളിലേക്ക് പോവുകയും കേസുകളുടെ എണ്ണം 20000ത്തോട് അടുക്കുകയും ചെയ്യുകയാണ്.

കോഴിക്കോട് ജില്ലയിൽ തന്നെ കോവിഡ് സ്ഥിരീകരിച്ച 51 രോഗികളിൽ എസ്ജിടിഎഫ് എന്ന സ്ക്രീനിങ് ടെസ്റ്റ് നടത്തിയപ്പോൾ 38 പേരിലും ഒമിക്രോൺ വകഭേദത്തിൻ്റെ സാദ്ധ്യതയാണ് കാണുന്നത് . ഇവർ ആരും തന്നെ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരോ വിദേശത്ത് നിന്ന് വന്നവരുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരോ അല്ല. കോവിഡ് വൈറസിൻ്റെ വകഭേദമായ ഒമിക്രോണിൻ്റെ സമുഹ വ്യാപനം നമ്മുടെ നാട്ടിലും ഉണ്ടായിട്ടുണ്ടാവാം എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

അത് കൊണ്ട് തന്നെ വിദേശത്ത് നിന്ന് തിരിച്ച് വന്നവരെ മാത്രം കേന്ദ്രീകരിച്ച് പരിശോധനകളും പ്രതിരോധ നടപടികളും നടത്താതെ വലിയൊരു കോവിഡ് തരംഗത്തെ മുന്നിൽ കണ്ടുള്ള മുന്നൊരുക്കങ്ങൾ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അതുപോലെ തന്നെ കോവിഡ് ഒമിക്രോൺ വകഭേദം വളരെ ലഘുവായ ഒരു രോഗമാണെന്നും ഇത് ഒരു വാക്സിൻ പോലെ പ്രവർത്തിച്ച് പ്രതിരോധ ശക്തി കൂട്ടുമെന്നുമുള്ള രീതിയിലുള്ള പ്രചരണവും വ്യാപകമായി നടക്കുന്നുണ്ട്. കേരളത്തിലെ കണക്കുകൾ പരിശോധിച്ചാൽ തന്നെ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 14 ശതമാനമാണ് ICU രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന വർദ്ധനവ്.ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലും ഐസിയുവിലും വെൻ്റിലേറ്ററിലും പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്

ആരോഗ്യമുള്ളവരിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കില്ലെങ്കിലും വാക്സിൻ എടുക്കാത്തവരിലും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിലും കോവിഡ് ഒമിക്രോൺ ഗുരുതരമായി ബാധിക്കും എന്ന വസ്തുത നമ്മൾ ഓരോരുത്തരും മനസ്സിലാക്കേണ്ടിയിരിക്കുന്നു .തൊണ്ടവേദന, പനി, ജലദോഷം, ശരീര വേദന തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവരൊക്കെ തന്നെ കോവിഡ് ടെസ്റ്റിന് വിധേയരായി ഒരാഴ്ചക്കാലം സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതും ഈ ഘട്ടത്തിൽ അത്യാവശ്യമാണ്.

ഒമിക്രോൺ വ്യാപനം ആരോഗ്യ സംവിധാനത്തിൻ്റേയോ ഏതെങ്കിലും സർക്കാരിൻ്റെ ഭരണ സംവിധാനത്തിൻ്റെയോ പരാജയമായി കാണേണ്ടതില്ല. ഈ വൈറസ് വകഭേദത്തിൻ്റെ ഉഗ്രമായ വ്യാപനശേഷി കൊണ്ടാണ് ലോകത്ത് എല്ലായിടത്തും എന്ന പോലെ ഇവിടെയും രോഗ വ്യാപനം ഉണ്ടാവുന്നത്.

വലിയൊരു വിപത്തിനെ പ്രതിരോധിച്ച് നിർത്താൻ നമ്മൾക്ക് ഒരുമിച്ച് പ്രവർത്തിക്കാം.