”എല്ലാ വികസനത്തിന്റെ കൂടെയും ഞങ്ങളെ നിങ്ങള്‍ ചേര്‍ത്തുപിടിച്ചു, ഇതാ ഞങ്ങള്‍ നിങ്ങളെ ചേര്‍ത്തുപിടിക്കുന്നു’ എന്നു പറഞ്ഞുകൊണ്ട് അവരെന്നെ പുണര്‍ന്നു” പൊതുജീവിതത്തിനിടയിലെ മറക്കാന്‍ പറ്റാത്ത അനുഭവം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പങ്കുവെച്ച് കാനത്തില്‍ ജമീല


കൊയിലാണ്ടി: ഇത്രയും വര്‍ഷത്തെ പൊതുജീവിതത്തിനിടയിലെ മറക്കാന്‍ പറ്റാത്ത അനുഭവങ്ങളിലൊന്ന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പങ്കുവെച്ച് കാനത്തില്‍ ജമീല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ സ്‌നേഹസ്പര്‍ശം പദ്ധതി നടപ്പിലാക്കിയപ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍ കാണാനെത്തിയ ഓര്‍മ്മകളാണ് ജമീല പങ്കുവെച്ചത്.

കാനത്തില്‍ ജമീലയുടെ വാക്കുകളിലൂടെ:

‘2011-12 ലായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ സ്‌നേഹസ്പര്‍ശം പദ്ധതിക്ക് രൂപംകൊടുത്തത്. നമ്മുടെ അടുത്ത് ഒരുപാട് രോഗികളാണ് ആദ്യം വന്നത്, ചികിത്സയ്ക്ക് ആനുകൂല്യം അനുവദിക്കണം എന്നു പറഞ്ഞുകൊണ്ട്. അന്ന് ഞങ്ങള്‍ അനുവദിച്ചപ്പോള്‍, അത് പ്രാക്ടിക്കല്‍ ആകും എന്നുകണ്ടപ്പോള്‍ അവരുടെ ഒരു ടീം, രോഗികളുടെ ഒരു ടീം വന്ന് എന്നെ പുണര്‍ന്നിട്ടുള്ള ഒരു രംഗമുണ്ട്, വളരെ സന്തോഷത്തോടെ… എല്ലാ വികസനത്തിന്റെ കൂടെയും ഞങ്ങളെ നിങ്ങള്‍ ചേര്‍ത്തുപിടിച്ചു, ഞങ്ങള്‍ നിങ്ങളെ ചേര്‍ത്തുപിടിക്കുന്നു എന്നു പറഞ്ഞുകൊണ്ട്. എന്റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒരു അനുഭവമായിരുന്നു അത്. പൊതുപ്രവര്‍ത്തനത്തില്‍ നമ്മള്‍ ആഗ്രഹിച്ച, മനസിനൊരു ആത്മസംതൃപ്തി തരുന്ന ഒരു കാര്യമായിരുന്നു അത്. അവരുടെ സന്തോഷത്തിന് കയ്യും കണക്കുമില്ലായിരുന്നു. അന്ന് സര്‍ക്കാറില്‍ നിന്നും രോഗികള്‍ക്ക് ഇത്രയും ആനുകൂല്യം ഇല്ലായിരുന്നു. ആ സമയത്താണ് അവര്‍ക്ക് സ്‌നേഹസ്പര്‍ശം പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കുന്നത്. അതിന്റെയൊരു സന്തോഷമായിരുന്നു അവര്‍ പങ്കിട്ടത്.’

വൃക്ക രോഗികളുടെ ചികിത്സയ്ക്കും പരിപാലനത്തിനുമായി തുടങ്ങിയ പദ്ധതിയായിരുന്നു സ്‌നേഹസ്പര്‍ശം പദ്ധതി. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിന് പുറമേ ജനകീയമായി സഹായങ്ങള്‍ സ്വീകരിച്ചുമായിരുന്നു മാതൃകാ ഇടപെടല്‍. ഡയാലിസിസിന് കാത്തിരിക്കുന്ന നൂറുകണക്കിന് പേര്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിച്ചത്.

കാനത്തില്‍ ജമീലയെ കൊയിലാണ്ടിയുടെ വാര്‍ത്താതാരമായി തെരഞ്ഞെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തൂ….