ഇരിങ്ങത്ത് കുയിമ്പിലുന്തില്‍ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി; മൂന്ന് പേര്‍ക്ക് പരുക്ക്


തുറയൂര്‍: ഇരിങ്ങത്ത് കുയിമ്പിലുന്തില്‍ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി. കുയിമ്പിലുന്ത് ഇല്ലത്ത് മീത്തല്‍ രാമാലയത്തില്‍ രജീഷിന്റെ വീട്ടിലേക്കാണ് ലോറി ഇടിച്ചു കയറിയത്. അപകടത്തില്‍ ലോറിയിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

മേപ്പയ്യൂര്‍ ഭാഗത്തേക്ക് കുഴല്‍ കിണര്‍ കുഴിക്കുന്നതിനുള്ള സാമഗ്രികളുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. റോഡില്‍ നിന്ന് ലോറി വീട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. റോഡ് സൈഡിലുണ്ടായിരുന്ന കല്ലുകളിടിച്ച് തെറിപ്പിച്ച് വീടിന്റെ മതിലും ഗേറ്റും തകര്‍ത്ത് വീടിന്റെ ചുമരിലിടിച്ചാണ് ലോറി നിന്നത്. ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട സമയത്ത് വീടിന്റെ വരാന്തയില്‍ ആരുമില്ലാതിരുന്നതിനാല്‍ ദുരന്തമൊഴിവായി.