ഇത്തവണയെങ്കിലും ഉണ്ടാവുമോ എയിംസ്? കേന്ദ്ര ബജറ്റില്‍ കണ്ണുംനട്ട് കോഴിക്കോട്


കോഴിക്കോട്: കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ, കേരളത്തില്‍ എയിംസ് എന്ന ഏറെക്കാലമായുള്ള ആവശ്യം പരിഗണിക്കപ്പെടുമോയെന്ന ആകാംഷയിലാണ് സംസ്ഥാനം. എയിംസ് അനുവദിക്കുകയാണെങ്കില്‍ അത് കോഴിക്കോട് ജില്ലയിലെ കിനാലൂരിലായിരിക്കും എന്നത് കോഴിക്കോട്ടുകാര്‍ക്കും പ്രതീക്ഷയേകുന്നു.

ധനവകുപ്പിന്റെയടക്കം അനുമതിയോടെ കേന്ദ്രബജറ്റില്‍ എയിംസ് ഉള്‍പ്പെടുത്തിയാല്‍ അത് കേരളത്തിന്റെ ആരോഗ്യരംഗത്ത് വന്‍ ചുവടുവെപ്പാകും. 750 കിടക്കകളുള്ള ആശുപത്രിയില്‍ നൂറിലേറെ എം.ബി.ബി.എസ് സീറ്റുകളുണ്ടാകും. വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും നഴ്‌സിങ് കോളേജും ചേരുമ്പോള്‍ വിദഗ്ധ ചികിത്സ തേടുന്നവര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും ഏറെ സഹായകരമാകും. നിരവധി പേര്‍ക്ക് ജോലിക്കും അവസരമൊരുങ്ങും.

എയിംസ് സ്ഥാപിക്കുന്നതിനായി കിനാലൂരില്‍ ഭൂമി ഏറ്റെടുക്കാന്‍ നേരത്തെ ഉത്തരവായതാണ്. കെഎസ്‌ഐഡിസി (കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍)യുടെ കൈവശമുള്ള 150 ഏക്കറിനു പുറമേ നൂറേക്കറോളം ഭൂമിയാണ് ഏറ്റെടുക്കുന്നത്.

കേരളത്തിന്റെ ഏറെക്കാലമായുള്ള വികസന സ്വപ്നങ്ങള്‍ക്ക് പ്രതിക്ഷയേകുന്നതാണ് എയിംസ് അനുവദിക്കുകയെന്നത്. എയിംസ് സ്ഥാപിക്കാനായി വ്യവസായവകുപ്പിന്റെ 200 ഏക്കര്‍ സ്ഥലം കിനാലൂരില്‍ കണ്ടെത്തിയിട്ടുണ്ട്. മെഡിക്കല്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും, സംസ്ഥാന റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും കിനാലൂരിലെത്തി സ്ഥല പരിശോധന നടത്തുകയും അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണ്. ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭ്യമായാല്‍ കിനാലൂരില്‍ എയിംസ് സ്ഥാപിക്കാനായുള്ള പ്രാരംഭ നടപടികള്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.