അരിക്കുളം എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതിനെതിരേ പ്രതിഷേധവുമായി കര്‍മസമിതി


അരിക്കുളം: അരിക്കുളം എല്‍.പി. സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഡി.ആര്‍. ഷിംജിത്തിനെ അന്യായമായി സസ്‌പെന്റ് ചെയ്ത മാനേജറുടെ നടപടിയ്‌ക്കെതിരെ പ്രതിഷേധവുമായി കര്‍മസമിതി. പ്രധാന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഉടനടി പിന്‍വലിക്കണമെന്ന് കര്‍മസമിതി ആവശ്യപ്പെട്ടു.

സ്‌കൂളിന്റെ അപകടഭീഷണിയിലുള്ള കെട്ടിടം പൊളിച്ചുമാറ്റി പുതുക്കിപ്പണിയണമെന്ന അധികാരികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യത്തില്‍ ഇതുവരെ മാനേജര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാത്തതിനാല്‍ തൊട്ടടുത്ത ഭാവന ലൈബ്രറിയിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ പ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കര്‍മസമിതി മുന്നറിയിപ്പു നല്‍കി.

തുടര്‍നടപടികള്‍ ആലോചിക്കാന്‍ ഫെബ്രുവരി 18-ന് നാലുമണിക്ക് ഭാവന ലൈബ്രറിയില്‍ കണ്‍വെന്‍ഷന്‍ ചേരും. യോഗത്തില്‍ പി. കുട്ടികൃഷ്ണന്‍ നായര്‍ അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്‍, പി.ടി.എ. പ്രസിഡന്റ് ഇ.ഗിരീഷ്, എന്‍.വി. നജീഷ് കുമാര്‍, ശ്യാമള എടപ്പള്ളി, സി.രാധ, പി.മുഹമ്മദലി, ഇ.രാജന്‍, പി.എം.രാജന്‍, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സി.പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.