അനുഗ്രഹയുടെ ആഗ്രഹം സഫലമായി, പേരാമ്പ്ര-വടകര റൂട്ടില്‍ ഓടുന്ന നോവ ബസിന്റെ വളയം അവളുടെ കൈകളില്‍ ഭദ്രം; അഭിനന്ദനങ്ങള്‍ നേര്‍ന്ന് നാട്ടുകാരും ഇരിങ്ങത്ത് ഡ്രൈവേഴ്‌സ് കൂട്ടായ്മയും


പേരാമ്പ്ര: ഏറെ നാളത്തെ സ്വപ്‌നം സാക്ഷാല്‍ക്കരിച്ചതിന്റെ സന്തോഷത്തിലാണ് മേപ്പയ്യൂര്‍ സ്വദേശി അനുഗ്രഹ. അച്ഛന്റെ കൈ പിടിച്ച് ബസ്സില്‍ കയറിയിരുന്ന കാലം മുതലേ അവള്‍ സ്വപ്‌നം കണ്ട ഡ്രൈവര്‍ സീറ്റ് ഇന്ന് അവള്‍ക്കു സ്വന്തമായപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് അനുഗ്രഹ.

പേരാമ്പ്ര-വടകര റൂട്ടില്‍ ഓടുന്ന നോവ ബസ്സിലെ ഡ്രൈവര്‍ സീറ്റില്‍ ഞായറാഴ്ച്ച മുതലാണ് ഈ 24 കാരി വളയം പിടിച്ചു തുടങ്ങിയത്. സാഹസികതയേറെ ഇഷ്ടപ്പെടുന്ന അനുഗ്രഹയ്ക്ക് ഡ്രൈവിങ് ചെറുപ്പം മുതലേയുള്ള ഇഷ്ടമായിരുന്നു. കഴിഞ്ഞയാഴ്ച ഹെവി ലൈസന്‍സും കൈയില്‍ കിട്ടിയതോടെയാണ് ആഗ്രഹം സഫലമായത്.

നാടൊന്നാകെ ഇപ്പോള്‍ അനുഗ്രഹയുടെ സ്വപ്ന സാക്ഷാല്‍ക്കാരത്തിന്റെ സന്തോഷത്തിലാണ്. ഈ വേളയില്‍ ഇരിങ്ങത്ത് ഡ്രൈവേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ അനുഗ്രഹക്ക് ഇരിങ്ങത്ത് ടൗണില്‍ വലിയ സ്വീകരണം ഒരുക്കി. ചടങ്ങില്‍ മുതിര്‍ന്ന ബസ് ഡ്രൈവര്‍മാരായ ചാത്തോത്ത് കണ്ടി ബാബു, നമ്പ്രാമ്പത്ത് ദാസന്‍ എന്നിവര്‍ അനുഗ്രഹക്ക് പൊന്നാട അണിയിച്ചു. പരിപാടിയില്‍ കൂട്ടായ്മയിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുത്തു.

മേപ്പയ്യൂര്‍ എടത്തില്‍ മുക്ക് മുരളീധരന്‍ (മാച്ചു)-ചന്ദ്രിക ദമ്പതിമാരുടെ മകളാണ് ലോജിസ്റ്റിക്കില്‍ മാസ്റ്റര്‍ ബിരുദധാരിയായ അനുഗ്രഹ. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ ഹിമാചല്‍പ്രദേശില്‍ അഡ്വഞ്ചറസ് ക്യാമ്പില്‍ പങ്കെടുത്തത് വലിയ കരുത്ത് പകര്‍ന്നിരുന്നു.