അതിവേഗ ട്രെയിന്‍ കേരളത്തില്‍ ഓടില്ല; സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിച്ച് സര്‍ക്കാര്‍, ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് ഉത്തരവിറങ്ങി


തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ മരവിപ്പിച്ച് സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും തിരിച്ചു വിളിച്ചു. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് നിയോഗിച്ചത്. ഇവരെ എല്ലാവരെയും അടിയന്തരമായി തിരിച്ചു വിളിച്ചിട്ടുണ്ട്.

റെയിവേ ബോര്‍ഡില്‍നിന്നുള്ള അനുമതി ലഭിച്ചശേഷം മാത്രം മതി തുടര്‍നടപടികളെന്നാണ് റവന്യൂ വകുപ്പിന്റെ ഉത്തരവിലുള്ളത്. സാമൂഹികാഘാത പഠനം തല്‍ക്കാലം നടത്തേണ്ടതില്ലെന്നും ഉത്തരവിലുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ പഠനവുമായി മുന്നോട്ടു പോകാനാകാത്ത സാഹചര്യമായിരുന്നു.

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയെന്നാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ സംസ്ഥാന്‍ സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങിയതോടെ വ്യാപക എതിര്‍പ്പുകള്‍ ഉയര്‍ന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം ഉണ്ടായിട്ടും പദ്ധതി നടപ്പാക്കുന്നതില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ കേന്ദ്രാനുമതി ലഭിക്കാത്തത് കണക്കിലെടുത്ത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.