“അച്ഛന്റെ ക്രിക്കറ്റ് പ്രേമമാണ് എന്നെയും ക്രിക്കറ്റിലേക്ക് അടുപ്പിച്ചത്”; അണ്ടര്‍ 16 കേരള ക്രിക്കറ്റ് ടീമില്‍ ഇടംനേടിയ കൊയിലാണ്ടി സ്വദേശി അഭിറാം പറയുന്നു


കൊയിലാണ്ടി: അണ്ടര്‍ 16 കേരള ക്രിക്കറ്റ് ടീമില്‍ ഇടംനേടി കൊയിലാണ്ടി സ്വദേശി അഭിറാം. കൊയിലാണ്ടി പന്തലായനി സ്വദേശികളായ സുനില്‍കുമാറിന്റെയും അനുപമയുടെയും മകനാണ്. നേരത്തെ അണ്ടര്‍ 14 സംസ്ഥാന ടീമിലും അഭിറാം ഇടംനേടിയിരുന്നു.

അച്ഛന്‍ സുനില്‍കുമാര്‍ വലിയ ക്രിക്കറ്റ് പ്രേമിയാണ്. അദ്ദേഹത്തിന്റെ ക്രിക്കറ്റിനോടുള്ള താല്‍പര്യമാണ് ചെറുപ്പത്തിലേ തന്നേയും ക്രിക്കറ്റിലേക്ക് അടുപ്പിച്ചതെന്നാണ് അഭിറാം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. എട്ടാംക്ലാസുമുതല്‍ സസെക്‌സിലെ സന്തോഷ് കുമാറിനു കീഴില്‍ ക്രിക്കറ്റ് പരിശീലനം തുടങ്ങി.

പി.വി.എസ് ഹൈസ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ സ്‌കൂള്‍ ക്രിക്കറ്റ് ടീമിലുണ്ടായിരുന്നു. സംസ്ഥാന തലത്തില്‍ മത്സരിക്കുകയും ചെയ്തിരുന്നു. 2019ലാണ് അണ്ടര്‍ 14 ടീമില്‍ ഇടംനേടിയത്. കെ.സി.എയുടെ ജില്ലാ തല മത്സരത്തില്‍ തൃശൂരിനെതിരെ നേടിയ 104 (നോട്ട് ഔട്ട്) ആണ് അഭിറാമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ തിളങ്ങാനാണ് അഭിറാമിന്റെ ആഗ്രഹം.

കഠിനാധ്വാനമാണ് അവനെ ഇത്തരമൊരു നേട്ടത്തിലേക്ക് എത്തിച്ചതെന്ന് പറയുകയാണ് അമ്മ അനുപമ. അതിരാവിലെ എഴുന്നേറ്റ് പരിശീലനത്തിന് പോകും. രാത്രി ഏറെ വൈകിയാണ് പരിശീലനം പൂര്‍ത്തിയാകുക. ക്രിക്കറ്റിനോട് അത്രയേറെ താല്‍പര്യമുള്ളതിനാല്‍ ഇതൊന്നും അവന് പ്രയാസമായി തോന്നാറില്ലെന്നും അവര്‍ പറഞ്ഞു.