അകലാപ്പുഴ ഇനി ‘അഴകാ’പുഴ; ശുചീകരിച്ചത് ടൺ കണക്കിന് മാലിന്യം


പയ്യോളി: പ്ലാസ്റ്റിക് സഞ്ചികളും കുപ്പികളും നിറഞ്ഞ മാലിന്യ കുറ്റം ശുചീകരിച്ച് അകലാപുഴയെ സുന്ദരിയാക്കി സേവ് അകലാപ്പുഴ പ്രവർത്തകർ. പുഴയോരത്ത് വലിച്ചെറിഞ്ഞ ടൺ കണക്കിന് മാലിന്യങ്ങളാണ് പ്രവർത്തകർ വൃത്തിയാക്കിയത് .

ഇന്നലെ രാവിലെ മുതൽ ഉച്ചവരെ നീണ്ട ശുചീകരണപ്രവർത്തനങ്ങളിൽ നിരവധി വോളന്റിയർമാർ ഏർപ്പെട്ടു. സഞ്ചാരികൾ നിക്ഷേപിച്ച കുപ്പികൾ, പ്ലാസ്റ്റിക് സഞ്ചികൾ, വിവിധ സ്ഥലങ്ങളിൽ നിന്നും ഒഴുകി വന്നവ തുടങ്ങിയ മാലിന്യ നിക്ഷേപ കേന്ദ്രമായി പുഴ മാറിയിരുന്നു. ഒരു കിലോമീറ്ററോളം ദൂരം തോണിയിലും വെള്ളത്തിലിലും ഇറങ്ങിയാണ് പുഴ ശുചീകരിച്ചത്

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ശുചീകരണ പ്രവൃത്തിയിൽ സേവ് അകലാപ്പുഴ സെക്രട്ടറി കുഞ്ഞബ്‌ദുള്ള ചിറക്കര , പ്രസിഡന്റ് ദിനേശ് കുമാർ എന്നിവർ നേതൃത്വം നൽകി . ഇനിയുള്ള ദിവസങ്ങളിലും തീര സംരക്ഷണയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പുഴ ശുചീകരണ പ്രവർത്തിയും സജീവമായി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.