റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ കോഴിക്കോട് സ്വദേശി മുഹമ്മദിയെ ജീവിതത്തിലേക്ക് തിരികെയെടുത്ത് ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ സുനില്‍


കൊച്ചി: ആര്‍.പി.എഫ് കോണ്‍സ്റ്റബിളിന്റെ സമയോചിതമായ ഇടപെടലില്‍ കോഴിക്കോട് സ്വദേശി മുഹമ്മദിക്ക് ലഭിച്ചത് തന്റെ ജീവന്‍ തന്നെ. തിങ്കളാഴ്ച വൈകുന്നേരം നാലരയ്ക്കായിരുന്നു സംഭവം.

എറണാകുളം സൗത്ത് സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോണില്‍ ഡ്യൂട്ടിയിലായിരുന്നു സുനില്‍. നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് മുഹമ്മദലി കുഴഞ്ഞുവീണത്. മറ്റാരോ പറഞ്ഞ് വിവരം അറിഞ്ഞ സുനില്‍ ട്രാക്കുകള്‍ മറികടന്ന് ഓടി അതിവേഗം മുഹമ്മദലിക്ക് അരികിലെത്തി.

നെഞ്ചിലും കൈകള്‍ക്കും വേദനയുണ്ടെന്ന് മുഹമ്മദലി പറഞ്ഞപ്പോള്‍ സുനിലിന് തന്റെ അച്ഛന്റെ കാര്യമാണ് ഓര്‍മ്മവന്നത്. ഹൃദയസ്തംഭനം കാരണം സമാനലക്ഷണങ്ങളോടെ കുഴഞ്ഞുവീണ അച്ഛനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാനായതുകൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയത്. സുനില്‍ പെട്ടെന്നു തന്നെ മുഹമ്മദലിയെ താങ്ങിയെടുത്ത് ഓടി.

ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ പ്രധാന കവാടത്തിലെത്തുമ്പോള്‍ അവിടെ മുഹമ്മദലിയെ കൊണ്ടുപോകാനുള്ള ആംബുലന്‍സ് സജ്ജമായിരുന്നു. ഉടന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് അദ്ദേഹത്തെ എത്തിച്ചു. മുഹമ്മദലി അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

മുഹമ്മദലിക്ക് മുമ്പും ഹൃദയാഘാതമുണ്ടായിട്ടുണ്ട്. അദ്ദേഹം അപസ്മാര രോഗി കൂടിയാണ്. പത്തനംതിട്ട തുമ്ബമണ്‍ താഴത്ത് കുറുങ്കയില്‍ വീട്ടില്‍ ബാബുവിന്റെയും തങ്കമ്മയുടെയും മകനാണ് സുനില്‍ കെ. ബാബു.