റബ്ബര്‍തോട്ടത്തിന് നടുവില്‍ കുട്ടികള്‍ കളിക്കുന്നത് നിര്‍ത്തിക്കാന്‍ കലക്ടര്‍ക്ക് ഉടമയെന്ന വ്യാജേന പരാതി നല്‍കി; അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് 89 സെന്റ് കയ്യേറ്റഭൂമി


മുക്കം: റബ്ബര്‍തോട്ടത്തിന് നടുവിലുള്ള സ്ഥലത്ത് കുട്ടികള്‍ കളിക്കുന്നത് നിര്‍ത്തിക്കാന്‍ ഉടമയെന്ന വ്യാജേന കലക്ടര്‍ക്ക് പരാതി നല്‍കിയപ്പോള്‍ നഗരസഭയ്ക്ക് കിട്ടിയത് 89 സെന്റ് സ്ഥലം. ഇരുവഞ്ഞിപ്പുഴയോരത്തെ റബ്ബര്‍ തോട്ടത്തിനിടയിലെ കളിസ്ഥലം കൃഷിയ്ക്കും സൈ്വര്യജീവിതത്തിനും തടസമാണെന്ന് കാട്ടിയാണ് ഉടമ പരാതി നല്‍കിയത്. നീലേശ്വരം വില്ലേജിലെ മനോളി കടവിന് സമീപമുള്ള സ്ഥലമാണ് നഗരസഭ പിടിച്ചെടുത്തത്.

തുടര്‍ന്ന് കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ഭൂരേഖാ തഹസില്‍ദാര്‍ പ്രത്യേക സര്‍വേയറെ ചുമതലപ്പെടുത്തി സര്‍വേ നടത്തുകയും ചെയ്തപ്പോഴാണ് കയ്യേറ്റം കണ്ടെത്തിയത്. മുക്കം നഗരസഭയ്ക്ക് അവകാശപ്പെട്ട പുറമ്പോക്ക് സ്ഥലമാണിത്.

ഈ സ്ഥലത്ത് റബ്ബര്‍ തൈകള്‍ വെച്ചുപിടിപ്പിച്ചിരുന്നു. കയ്യേറ്റം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരസഭാ കൗണ്‍സില്‍ യോഗം ചേര്‍ന്ന് സ്ഥലം തിരിച്ചുപിടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നഗരസഭാ സെക്രട്ടറിയുടെ മേല്‍നോട്ടത്തിലുള്ള സംഘം ഭൂമി അളന്നുതിട്ടപ്പെടുത്തി അതിര്‍ത്തിക്കല്ലുകളും നഗരസഭയുടെ ബോര്‍ഡും സ്ഥാപിച്ചു.