യുവാവിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടല്‍ മാറാതെ നാട്; വേളം പള്ളിയത്ത് സ്വദേശി ലിഥുനിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി


വേളം: വേളം പള്ളിയത്ത് സ്വദേശി ലിഥുനിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ നിന്നും പിന്മാറാനാവാതെ നാട്. ഇന്ന് രാവിലെയോടെയാണ് പള്ളിയത്ത് മീത്തലെ കൂമുള്ളകണ്ടി ലിഥുന്‍(25) മരിച്ചത്.

ഉച്ചയോടെ പുറത്ത്‌പോയി തിരിച്ചെത്തിയ അമ്മ ഏറെ സമയം വിളിച്ചിട്ടും ലിഥുന്‍ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് അയല്‍ വാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ വാസികളെത്തി വാതില്‍ തള്ളിത്തുറന്ന് അകത്ത് പ്രവേശിക്കുകയും ലിഥുനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

നാട്ടുകാരനായ ചെറുപ്പക്കാരന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും വിട്ടുമാറാനാവുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ശിവരാത്രിയോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്കിടെയിലായിരുന്നു നാടാകെ. എന്നാല്‍ പെട്ടന്നാണ് മരണ വാര്‍ത്ത അറിയുന്നത്. അതോടെ പ്രദേശമാകെ നൊമ്പരത്തിലാവുകയായിരുന്നു. തുടര്‍ന്ന് പള്ളിയത്ത് ശങ്കരേശ്വരം ശിവക്ഷേത്രത്തില്‍ ഇന്ന് നടത്താനിരുന്ന ശിവരാത്രി ആഘോഷങ്ങളും മറ്റ് ചടങ്ങുകളും നിര്‍ത്തിവെക്കുകയായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.

പള്ളിയത്ത് ബെസ്റ്റ് ബൈ സൂപ്പര്‍ മാര്‍ക്കറ്റില്‍ എകൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു ലിഥിന്‍. അച്ഛന്‍: സത്യന്‍, അമ്മ: ലീല, സഹോദരി: ലിന്‍സി. സഹോദരീ ഭര്‍ത്താവ്: വിജേഷ്.

മൃതദേഹം വടകര താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം രാത്രി പത്ത് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.