മാരക മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു; മലപ്പുറം മഞ്ചേരിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍, പ്രധാന പ്രതി ഓട് പൊളിച്ച് രക്ഷപ്പെട്ടു


മലപ്പുറം: മാരകമായ സിന്തറ്റിക് മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് സംഭവം. മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ വീട്ടില്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെയാണ് ഡിവൈ.എസ്.പി പി. അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കേസിലെ പ്രധാന പ്രതി മുള്ളമ്പാറ സ്വദേശി പറക്കാടന്‍ വീട്ടില്‍ റിഷാദ് (27) പൊലീസ് വീട് വളയുന്നതിനിടയില്‍ ഓടുപൊളിച്ച് രക്ഷപ്പെട്ടു. ഒന്നാം പ്രതിയായ മുഹ്‌സിന്‍ ഫേസ്ബുക്കിലൂടെയാണ് വീട്ടമ്മയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ വാങ്ങിയ ശേഷം ആറുമാസത്തോളമായി സൗഹൃദം നടിച്ചു. പിന്നീട് പലതവണകളായി വിവിധ ലഹരികള്‍ നല്‍കി സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി.

വധശ്രമം, ലഹരിക്കടത്ത് തുടങ്ങിയ കേസുകളില്‍ പ്രതിയായ മുഹ്‌സിന്‍ റൗഡി ലിസ്റ്റിലുണ്ട്. മലപ്പുറം എസ്.ഐ നിതിന്‍, മഞ്ചേരി സ്റ്റേഷനിലെ എസ്.ഐമാരായ ഗ്രീഷ്മ, ബഷീര്‍, ഐ.കെ. ദിനേശ്, പി. സലീം, ആര്‍. ഷഹേഷ്, കെ.കെ. ജസീര്‍, കെ. സിറാജുദ്ധീന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.