ബപ്പന്‍കാട് അണ്ടര്‍പാത്തില്‍ ലോറിയിടിച്ച സംഭവം; അടിപ്പാതയ്ക്കരികില്‍ സൈന്‍ബോര്‍ഡ് സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍; ബോര്‍ഡ് സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്ന് പി.ഡബ്ല്യു.ഡി


കൊയിലാണ്ടി: ബപ്പന്‍കാട് റെയില്‍വേ അടിപ്പാതയിലേക്ക് വാഹനങ്ങള്‍ വഴിതെറ്റി കയറുന്ന സംഭവങ്ങള്‍ പതിവാകുന്നു. ഇന്ന് രാവിലെ താമരശേരി ഭാഗത്തുനിന്നും സിമന്റുമായി വരികയായി ലോറി വഴിതെറ്റി അണ്ടര്‍പാത്തിലേക്ക് ഇടിച്ച് കയറുന്ന സ്ഥിതിയുമുണ്ടായി. ഇതോടെ സ്ഥലത്ത് സൈന്‍ബോര്‍ഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ഇതുവഴിയുള്ള റോഡ് അടച്ചിട്ടിരിക്കുകയാണെന്ന് അറിയിച്ചുകൊണ്ട് സൈന്‍ ബോര്‍ഡ് സ്ഥാപിക്കണമെന്ന് പലവട്ടം പി.ഡബ്ല്യു.ഡി അധികൃതരോട് ആവശ്യപ്പെട്ടതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇതുവരെ സൈന്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല. ചെറിയ വാഹനങ്ങള്‍ ഇതുവഴി പോയി പലപ്പോഴും മടങ്ങിവരുന്ന അവസ്ഥയാണ്.

ഇതാദ്യമായാണ് പ്രദേശത്ത് ഇത്തരമൊരു അപകടം സംഭവിക്കുന്നതെന്നും വലിയ വാഹനങ്ങള്‍ക്ക് ഇതിലൂടെ പോകാന്‍ കഴിയില്ലെന്നത് ഒറ്റനോട്ടത്തില്‍ വ്യക്തമാണെന്നും പി.ഡബ്ല്യു.ഡി അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉടന്‍ തന്നെ പ്രദേശത്ത് സൈന്‍ ബോര്‍ഡ് സ്ഥാപിക്കാനുള്ള നടപടികള്‍ എടുക്കുമെന്നും പി.ഡബ്ല്യു.ഡി അധികൃതര്‍ വ്യക്തമാക്കി.

ഇന്നത്തെ അപകടം ഡ്രൈവര്‍ ഉറങ്ങിപ്പോയതു കാരണം സംഭവിച്ചതാകാമെന്നാണ് കൊയിലാണ്ടി ട്രാഫിക് പൊലീസ് പറയുന്നത്. സ്ഥലത്ത് സൈന്‍ ബോര്‍ഡ് ആവശ്യമാണോയെന്നത് റോഡ് സുരക്ഷാ വിഭാഗമാണ് പരിശോധിക്കേണ്ടതെന്നും പൊലീസ് അറിയിച്ചു.

രാവിലെ ആറുമണിയോടെയാണ് അണ്ടര്‍പാത്തില്‍ ലോറി ഇടിച്ചു കയറിയത്. ലോറിയുടെ ഡ്രൈവര്‍ ക്യാബിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി ഇ കട്ടര്‍ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. മാനന്തവാടി സ്വദേശി മൊയ്തു (52) നാണ് പരിക്കേറ്റത്. അദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.