പുഴയോരത്തിരിക്കാം, കാറ്റും കാഴ്ചകളും ആസ്വദിച്ച്; വരൂ, കോഴിക്കോട്ടെ ഒളോപ്പാറ റിവര്‍ വ്യൂ പോയിന്റിലേക്ക്


കോഴിക്കോട് ജില്ലയില്‍ സഞ്ചാരികളുടെ ശ്രദ്ധ അത്രത്തോളം പതിഞ്ഞിട്ടില്ലാത്ത, എന്നാല്‍ മനോഹരമായ കാഴ്ചകള്‍ ഒരുക്കുവെച്ച ഒരു റിവര്‍ വ്യൂ പോയന്റാണ് ഒളോപ്പാറ. അധികം ആള്‍ത്തിരക്കും ബഹളവുമില്ല. സഞ്ചാരികള്‍ അറിഞ്ഞ് എത്തിത്തുടങ്ങുന്നേയുള്ളൂ.

ആദ്യകാലത്ത് നാട്ടുകാര്‍ വൈകുന്നേരങ്ങള്‍ ചിലവഴിച്ചിരുന്ന ഒരു സാധാരണ പ്രദേശം ഇന്ന് ഏറെ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ചേളന്നൂര്‍ പഞ്ചായത്തിന്റെ ഇടപെടലില്‍ പുഴയോരവും ബണ്ടും എല്ലാം വൃത്തിയായി കെട്ടി ഒരുക്കി ഇരിപ്പിടങ്ങളും പുഴയിലേക്ക് ഇറങ്ങാനുള്ള പടികളും വൈദ്യുതി വിളക്കുകളുമെല്ലാം ഒരുക്കിയിട്ടുണ്ട്. ബോട്ട് സര്‍വീസും പാര്‍ക്കും ചായക്കടകളും മിഠായി പീടികയുമെല്ലാം ഒരുക്കി നാട്ടുകാരും സഞ്ചാരികളെ വരവേല്‍ക്കുകയാണ്.

വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ സ്ഥലത്തിന്റെ പ്രകൃതി ഭംഗി പോയി തന്നെ കാണേണ്ടതാണ്. കോവിഡ് കാലത്ത് വലിയ ബഹളവുമൊന്നുമില്ലാതെ കുടുംബവുമായി ചിലവഴിക്കാന്‍ പറ്റിയ ഇടമാണിത്. നീന്തല്‍ അറിയാവുന്നവര്‍ക്ക് ധൈര്യമായി നീന്തിതുടിക്കാന്‍ പറ്റിയ ഇടം.

മുമ്പ് വേലിയിറക്ക സമയത്ത് എരുന്ത് വാരാന്‍ ഇവിടെ ഒരുപാട് പേര്‍ എത്താറുണ്ടായിരുന്നു. പുഴയില്‍ ഇറങ്ങി നടന്ന് എരുന്ത് വാരാമെന്നതിനാല്‍ അവധി ദിവസമെല്ലാം പ്രദേശവാസികള്‍ ഇവിടെ ചെലവഴിക്കുമായിരുന്നു.

ഒളോപ്പാറയിലെ കണ്ടല്‍ക്കാടുകളുള്‍പ്പെടെ പുഴയുടെ സ്വാഭാവികത നിലനിര്‍ത്തിക്കൊണ്ട് ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുളള പദ്ധതികള്‍ ഒരുങ്ങുന്നുണ്ട്.

കോഴിക്കോടുനിന്ന് കക്കോടിയിലേക്കും അവിടെ നിന്ന് ചെറുകുളം റോഡ് വഴിയും ചേളന്നൂര്‍ ഏഴേ ആറില്‍ നിന്ന് ഇടതുവശത്തേക്കുള്ള റോഡിലൂടെയും ഒളോപ്പാറയിലേക്ക് പോകാം.