തൃശ്ശൂരിൽ ചരക്കു തീവണ്ടി പാളം തെറ്റി; കോഴിക്കോട് വഴി കടന്നു പോകുന്ന പല ട്രെയിനുകളും വൈകും


തൃശ്ശൂർ: പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം ചരക്ക് ട്രെയിന്‍ പാളം തെറ്റി. സംഭവത്തെ തുടർന്ന് റെയിൽ ഗതാഗതം സ്തംഭിച്ചു.ചരക്കു ട്രെയിനിന്റെ എന്‍ജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്.  തൃശൂര്‍- എറണാകുളം റൂട്ടില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വളരെ ഏറെ നേരത്തിനു ശേഷം ഒരു ലൈനിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു.

ഇതേതുടർന്ന് നിരവധി ട്രെയിനുകളുടെ യാത്രാസമയം വൈകും. ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് ഒറ്റപ്പാലത്ത് നിര്‍ത്തിയിട്ടു, ബാംഗ്ലൂര്‍-എറണാകുളം ഇന്റര്‍സിറ്റി മാന്നാനൂരില്‍ നിര്‍ത്തിയിട്ടു. നിലമ്പൂര്‍ – കോട്ടയം ട്രെയിന്‍ യാത്ര പുറപ്പെട്ടില്ല. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഷൊര്‍ണൂരില്‍ നിര്‍ത്തിയിടും, വേണാട് എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ നിര്‍ത്തി. ഇതിലും കൂടുതല്‍ ട്രെയിനുകള്‍ വൈകുമെന്നാണ് വിവരം.

എങ്ങനെയാണു പാളം തെറ്റിയതെന്നുള്ള കാരണം ഇനിയും വ്യക്തമല്ല. റെയില്‍വെ അധികൃതരെത്തി ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. റെയില്‍വേ വിദഗ്ധര്‍ ഉടനെ തന്നെ സ്ഥലത്തെത്തുമെന്നാണ് വിവരം. ഷൊര്‍ണൂരില്‍നിന്നും വിദഗ്ധരെത്തിയാലുടൻ പാളം തെറ്റിയ വാഗണുകള്‍ നീക്കുന്നതിനുള്ള ശ്രമം ആരംഭിക്കും.