ചേമഞ്ചരിയില്‍ ട്രെയിന്‍ തട്ടി യുവതിക്ക് ദാരുണാന്ത്യം


ചേമഞ്ചരി: കൊയിലാണ്ടി മേഖലയില്‍ ട്രെയിന്‍ തട്ടിയുള്ള അപകട മരണം തുടര്‍കഥയാവുന്നു. ചേമഞ്ചരിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയില്‍ ഇന്ന് വൈകുന്നേരം 3.45 ന് ആണ് സംഭവം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ പത്തു ദിവസത്തിനിടയില്‍ രണ്ട് പേരാണ് കൊയിലാണ്ടി മേഖലയില്‍ ട്രെയിന്‍ തട്ടി മരിച്ചത്. താഴങ്ങാടി റോഡില്‍ റഷീദ് ഹൗസില്‍ ജാഫര്‍ (54), പാവങ്ങാട് സ്വദേശി വിപിന്‍ എന്നിവരാണ് മരിച്ചത്. ബപ്പന്‍കാട് റെയില്‍വെ അടിപ്പാതക്ക് സമീപത്തുവച്ചാണ് റഷീദ് ട്രെയിന്‍ തട്ടി മരിച്ചത്. ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റ വിപിന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണത്തിന് കീഴടങ്ങിയത്.