ഗതാഗതക്കുരുക്കില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പോലീസ് സ്റ്റേഷനിലെത്തി; കൃത്യ സമയത്ത് പരീക്ഷയ്ക്കായി സ്‌കൂളിലെത്തിച്ച് കൊല്ലങ്കോട് പോലീസ്


തിരുവനന്തപുരം: ഗതാഗതക്കുരുക്കില്‍പ്പെട്ട വിദ്യാര്‍ഥികളെ കൃത്യ സമയത്ത് പരീക്ഷയ്‌ക്കെത്തിച്ച് കൊല്ലങ്കോട് പോലീസ്.
വണ്ടിത്താവളം കെ.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ഥികളായ വിദ്യാര്‍ഥികളായ മീര, കാവ്യ, നവ്യ എന്നിവരെയാണ് സ്‌കൂളിലെത്തിച്ചത്.

കൊല്ലങ്കോട്ടുനിന്ന് വടവന്നൂര്‍ വഴി വണ്ടിത്താവളത്തേക്ക് പോകുന്ന സ്വകാര്യ ബസിലായിരുന്നു ഇവര്‍ കയറിയിരുന്നത്. എന്നാല്‍ ഒന്നര കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ആലമ്പള്ളം ചപ്പാത്തില്‍ വെച്ച് ഗതാഗതതടസം നേരിട്ടതിനെ തുടര്‍ന്ന് കൃത്യസമയത്ത് സ്‌കൂളില്‍ എത്തിക്കാന്‍ കഴിയില്ലെന്ന് ബസുകാര്‍ അറിയിക്കുകയായിരുന്നു. ഗുഡ്‌സ് ഓട്ടോ കേടുവന്ന് ചപ്പാത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നായിരുന്നു ഗതാഗതം തടസമുണ്ടായത്.

ഇതോടെ കുട്ടികള്‍ പല വാഹനങ്ങള്‍ക്കും കൈകാട്ടിയെങ്കിലും ആരും നിര്‍ത്തിയില്ല. പരീക്ഷയ്ക്ക് കൃത്യ സമയത്ത് എത്താനായി ടാക്‌സിയിലും മറ്റും പോകാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ കൊല്ലങ്കോട് പോലീസിനെ സഹായത്തിനായി സമീപിക്കുകയായിരുന്നു.

കുട്ടികളെ സമയത്ത് പരീക്ഷയ്ക്കായി എത്തിക്കാമെന്ന് പോലീസ് സ്‌കൂളില്‍ അറിയിച്ച ശേഷം ഉടനെ തന്നെ പൊലീസ് വാഹനത്തില്‍ മൂവരെയും വണ്ടിത്താവളത്തെ പരീക്ഷാ ഹാളില്‍ എത്തിക്കുകയായിരുന്നു. അധ്യാപകരെ കണ്ട് വിവരമറിയിച്ച് കുട്ടികള്‍ പരീക്ഷയെഴുതിയെന്ന് ഉറപ്പാക്കിയ ശേഷമാണ് കൊല്ലങ്കോട് പോലീസ് മടങ്ങിയത്.