കൂട്ടുകാരന് സ്മാർട്ട്‌ ഫോൺ വാങ്ങണം; മൂവാറ്റുപുഴയിൽ വീട്ടമ്മയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി വിദ്യാർത്ഥിനി


മൂവാറ്റുപുഴ : കൂട്ടുകാരന് സ്മാർട് ഫോൺ വാങ്ങാനുള്ള പണത്തിനായി പ്ലസ് ടു വിദ്യാർത്ഥിനി വീട്ടമ്മയെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി. തുടർന്ന് സ്വർണമാലയും കമ്മലും കവർന്നു.

സൗത്ത് പായിപ്ര കോളനിക്കു സമീപം ജ്യോതിസ് വീട്ടിൽ ജലജയെ (59) ആണ് വിദ്യാർത്ഥിനി അടിച്ചു വീഴ്ത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജലജയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. ജലജ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. വീട്ടിൽ എത്തിയ വിദ്യാർത്ഥിനി ജലജയുടെ തലയുടെ പിന്നിൽ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. മാലയും കമ്മലും കവർന്ന ശേഷം വിദ്യാർത്ഥിനി കടന്നു കളഞ്ഞു. കുട്ടിയെ പറ്റിയുള്ള വിവരങ്ങൾ ഇതിനോടകം തന്നെ ജലജ നാട്ടുകാരോട് പറഞ്ഞിരുന്നു.

തുടർന്ന് പോലീസ് വീട്ടിലെത്തി അന്വേഷിച്ചപ്പോൾ വിദ്യാർത്ഥിനി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.