കുറ്റ്യാടിയില്‍ വീടിനുള്ളിലെ അടുക്കളയില്‍ കയറിക്കൂടി രാജവെമ്പാല; രണ്ട് മീറ്ററോളം നീളമുള്ള പാമ്പിനെ പിടികൂടിയത് അതിസാഹസികമായി


കുറ്റ്യാടി: കുറ്റ്യാടിയില്‍ വീടിനുള്ളിലെ അടുക്കളയില്‍ കയറിക്കൂടിയ രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി മുള്ളന്‍കുന്ന് നിടുവാല്‍ ഉത്താര്‍കണ്ടി യു.കെ. കുഞ്ഞബ്ദുല്ലയുടെ വീട്ടില്‍ നിന്നാണ് രണ്ട് മീറ്ററോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്.

ഫോറസ്റ്റര്‍ കെ. അമ്മദ് ഫോറസ്റ്റ് വാച്ചര്‍ ടി.കെ.വി. ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് വീടിനുള്ളില്‍ അടുക്കളയില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് പാമ്പ് വീടിനുള്ളില്‍ കയറിയത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഉടന്‍തന്നെ കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ വിവരം അറിയിച്ചു. ആറ് മണിയോടെ പാമ്പിനെ പിടികൂടുകയും ചെയ്തു. അടുത്തുള്ള തോട്ടില്‍ നിന്നാകാം രാജവെമ്പാല എത്തിയതെന്നാണ് കരുതുന്നത്.