കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിന് 400 കോടിയുടെ പദ്ധതിയുണ്ട്; മെല്ലെപ്പോക്ക് വികസനത്തിന് തടസമാകുന്നു


കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ സമഗ്രവികസനത്തിനുള്ള പദ്ധതികള്‍ക്ക് നേരെ മെല്ലെപ്പോക്ക് നയം. 400 കോടിയുടെ പദ്ധതി വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല.

400 കോടി രൂപയുടെ പദ്ധതിയ്ക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള നടപടികള്‍ 2018 മെയില്‍ കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കെ ആരംഭിച്ചിരുന്നു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തില്‍ മാനസികാരോഗ്യ ചികിത്സ നല്‍കുന്ന സ്ഥാപനമാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി.

വികസന പ്രവൃത്തികള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അവലോകന യോഗങ്ങള്‍ വേണ്ടത്ര ചേരാത്തതോടെ എല്ലാം മന്ദഗതിയിലാവുകയായിരുന്നു.

മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള നൂറു കോടിയുടെ പദ്ധതിയ്ക്ക് വിശദമായ പദ്ധതി രേഖ തയാറായി എന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. കെ രമേശന്‍ പറഞ്ഞത്. കേരള ഇന്‍ഡസ്ട്രിയല്‍ ആന്റ് ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്‍സി ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചാലുടന്‍ ഇത് സര്‍ക്കാറിന് കൈമാറും. രോഗികള്‍ക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കുന്നതും രോഗം മാറിയവരെ പുനരധിവസിപ്പിക്കുന്നതിനും ആവശ്യമായ പദ്ധതികളാണ് പരിഗണനയിലുള്ളത്.

1872ലാണ് കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രം തുടങ്ങിയത്. 1986ലാണ് ഇത് വിപുലീകരിച്ചത്.