കാത്തിരിപ്പിന് വിരാമം; കരിയാത്തുംപാറയിലേക്ക് നാളെ മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശിക്കാം


കൂരാച്ചുണ്ട്: കരിയാത്തുംപാറ വിനോദ സഞ്ചാരകേന്ദ്രം നാളെ മുതല്‍ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് എം.എല്‍ എ കെ.എം സച്ചിന്‍ ദേവ് അറിയിച്ചു. സുരക്ഷാഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കരിയാത്തുംപാറയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്നില്ല. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ടാണ് കരിയാത്തുംപാറ വീണ്ടും തുറക്കുന്നത്. കരിയാത്തുംപാറയും അടുത്തുള്ള തോണിക്കടവും ഒരുമിച്ച് സന്ദര്‍ശിക്കാന്‍ 30 രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ടിടങ്ങളിലും ടിക്കറ്റ് എടുക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കരിയാത്തുംപാറയില്‍ ഇടക്കിടെയുണ്ടാകുന്ന മുങ്ങിമരണം കാരണം മൂന്ന് മാസത്തോളമായി റിസര്‍വോയര്‍ ഭാഗത്തേക്ക് സന്ദര്‍ശകപ്രവേശനം നിരോധിച്ചിരിക്കുകയായിരുന്നു. റിസര്‍വോയറിന്റെ പാറക്കടവ് ഭാഗത്ത് കുളിക്കാനിറങ്ങുന്ന വിനോദസഞ്ചാരികളാണ് ഏറെയും അപകടത്തില്‍പെട്ടത്.

ഒക്ടോബര്‍ 18ന് തലശ്ശേരി പാനൂര്‍ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിയാണ് അവസാനമായി മുങ്ങിമരിച്ചത്. പാനൂര്‍ സ്വദേശി കൊല്ലന്റവിട മുഹമ്മദിന്റെ മകന്‍ മിഥ്ലാജ് ആണ് മരിച്ചത്. തുടര്‍ന്നാണ് കരിയാത്തുംപാറയിലേക്ക് പ്രവേശനം നിരോധിച്ചത്.