തിക്കോടിയില്‍ പഞ്ചായത്തംഗം ആര്‍.എസ്.എസുകാരനായ കാമുകനെ വിവാഹം ചെയ്തതിനു പിന്നാലെ മെമ്പര്‍ സ്ഥാനം രാജിവെച്ചു


തിക്കോടി: ആര്‍.എസ്.എസ് നേതാവായ കാമുകനെ വിവാഹം ചെയ്തതിനുപിന്നാലെ സി.പി.എം തിക്കോടി പഞ്ചായത്ത് മെമ്പര്‍ രാജിവെച്ചു. അഞ്ചാം വാര്‍ഡ് മെമ്പറായ ശ്രീലക്ഷ്മി കൃഷ്ണയാണ് മെമ്പര്‍ സ്ഥാനം രാജിവെച്ചത്. ആര്‍.എസ്.എസ് ശാഖ മുന്‍ മുഖ്യശിക്ഷക് ആയ കണ്ണൂര്‍ ഇരിട്ടി പുന്നാട് സ്വദേശിയെയാണ് ശ്രീലക്ഷ്മി വിവാഹം കഴിച്ചത്.

കഴിഞ്ഞദിവസം ശ്രീലക്ഷ്മിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പയ്യോളി പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ചൊവ്വാഴ്ച ഇരിട്ടി സ്വദേശിയ്‌ക്കൊപ്പം പൊലീസിനു മുമ്പാകെ ഹാജരാവുകയും വിവാഹിതരാണെന്ന കാര്യം അറിയിക്കുകയുമായിരുന്നു. വൈകുന്നേരത്തോടെ ഗ്രാമപഞ്ചായത്തിലെത്തി സെക്രട്ടറിക്ക് മുമ്പാകെ രാജിസമര്‍പ്പിക്കുകയും ചെയ്തു.

മെമ്പര്‍ രാജിവെച്ചതോടെ എല്‍.ഡി.എഫ് ഭരിക്കുന്ന തിക്കോടിയിലെ അഞ്ചാം വാര്‍ഡായ പള്ളിക്കര സൗത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. പള്ളിക്കരയില്‍ വന്‍ഭൂരിപക്ഷത്തിനാണ് ശ്രീലക്ഷ്മി ജയിച്ചത്. തിക്കോടി പഞ്ചായത്തിലെ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷമായ 526 വോട്ടിനാണ് എതിരാളിയായ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ശ്രീലക്ഷ്മി പരാജയപ്പെടുത്തിയത്.

പതിനേഴു വാര്‍ഡുകളാണ് തിക്കോടി പഞ്ചായത്തിലുള്ളത്. ഏറെക്കാലത്തിനുശേഷമാണ് പഞ്ചായത്ത് എല്‍.ഡി.എഫ് പിടിച്ചെടുത്തത്. നിലവില്‍ പള്ളിക്കരയിലേതടക്കം പത്ത് സീറ്റാണ് എല്‍.ഡി.എഫിനുള്ളത്.