അവസാനദിന പോരാട്ടത്തില്‍ കനത്ത മത്സരം കാഴ്ചവെച്ച് ഡോ സന്ധ്യകുറുപ്പ്; പിന്നിലേക്ക് പോയി കൊല്ലം ഷാഫി; കൊയിലാണ്ടി വാര്‍ത്താതാരം അവസാന റൗണ്ട് പോരാട്ടത്തിലേക്ക്


കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം 2021 പരിപാടിയില്‍ അവസാന ഘട്ട മത്സരരംഗത്തുള്ളത് നാലുപേര്‍. കെ റെയില്‍ വിരുദ്ധ സമരസമിതിയുടെ അമരക്കാരനായ ടി.ടി ഇസ്മയില്‍, കൊയിലാണ്ടിയിലെ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. സന്ധ്യ കുറുപ്പ്, ഗായകന്‍ ഷാഫി കൊല്ലം, കാനത്തില്‍ ജമീല എം.എല്‍.എ എന്നിവരാണ് അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയത്.

ടി.ടി ഇസ്മയിലാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ ഒന്നാമതെത്തിയത്. 5627 വോട്ടുകളാണ് അദ്ദേഹം നേടിയത്. കെ റെയില്‍ സമരത്തിന്റെ നേതൃ പദവിയില്‍ നിന്നുകൊണ്ട് നടത്തിയ പോരാട്ടങ്ങളാണ് ടി.ടി ഇസ്മയിലിനെ ശ്രദ്ധേയനാക്കിയത്. ടി.ടി ഇസ്മയിലിന്റെ സ്വദേശമായ ചേമഞ്ചേരി പഞ്ചായത്തിലെ കാട്ടില്‍പ്പീടികയിലാണ് കെ റെയിലിനെതിരെ ആദ്യ സമരസമിതി രൂപപ്പെട്ടത്. ഇന്ന് മുന്നൂറിലേറെ സമിതികളാണ് കെ. റെയിലിനെതിരെ സമരരംഗത്തുള്ളത്. പ്രതിപക്ഷ പാര്‍ട്ടികളും മതസംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരുമെല്ലാം സമരക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തുന്ന വിധത്തില്‍ സമരത്തെ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

കുട്ടിക്കാലം മുതല്‍ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു ടി.ടി ഇസ്മയില്‍. എം.എസ്.എഫില്‍ പ്രവര്‍ത്തിച്ചുകൊണ്ട് തുടങ്ങിയ അദ്ദേഹം എം.എസ്.എഫിലും യൂത്ത് ലീഗിലും സംസ്ഥാന തലത്തില്‍ നേതൃപദവികള്‍ വഹിച്ചിരുന്നു. മേപ്പയ്യൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. 2013 മുതല്‍ 2019 വരെ പി.എസ്.സി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

രണ്ടാം സ്ഥാനത്തുള്ള സന്ധ്യ കുറുപ്പ് 3188 വോട്ടുകള്‍ നേടി. അവസാന ദിവസം കനത്ത മത്സരമാണ് സന്ധ്യ കാഴ്ചവെച്ചത്. അതുവരെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അവര്‍ അവസാന ദിവസം രണ്ടാമതെത്തി. കൊയിലാണ്ടിയുടെ കോവിഡ് നോഡല്‍ ഓഫീസറായി കാഴ്ചവെച്ച മികച്ച പ്രവര്‍ത്തനമാണ് സന്ധ്യയ്ക്ക് വാര്‍ത്താതാരം പട്ടികയില്‍ ഇടംനേടിക്കൊടുത്തത്. വടകര എടോടി സ്വദേശിയാണ് ഡോ. സന്ധ്യ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഡോ. സന്ധ്യ മെഡിസിനില്‍ പി.ജി പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് 2000 ത്തിലാണ് അവര്‍ സര്‍ക്കാര്‍ സര്‍വ്വീസിലെത്തുന്നത്.

മേപ്പയ്യൂരിലാണ് ഡോ. സന്ധ്യ ആദ്യമായി ജോലിക്കെത്തുന്നത്. തുടര്‍ന്ന് അരിക്കുളം, കാക്കൂര്‍, കുന്ദമംഗലം എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. അരിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുമ്പോള്‍ അരിക്കുളം പഞ്ചായത്തിനെ സമ്പൂര്‍ണ്ണ അന്ധതാ നിവാരണ പഞ്ചായത്തായി മാറ്റുന്നതിനായി ഡോ. സന്ധ്യ പ്രവര്‍ത്തിച്ചു. മൂന്ന് കൊല്ലം മുമ്പാണ് അവര്‍ കൊയിലാണ്ടിയിലേക്ക് എത്തുന്നത്.

ആതുരസേവന രംഗത്ത് മാത്രമല്ല, അക്കാദമിക രംഗത്തും, സാമൂഹ്യ സേവന രംഗത്തും സംഘടനാ പ്രവര്‍ത്തനങ്ങളിലുമെല്ലാം ഡോ. സന്ധ്യ സജീവമാണ്. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.ഒ) കോഴിക്കോട് വൈസ് പ്രസിഡന്റാണ് ഡോ. സന്ധ്യ. കൂടാതെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ.എം.എ) കോഴിക്കോട് സെക്രട്ടറി, ഐ.എം.എ വനിതാ വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറി എന്നീ പദവികളും വഹിക്കുന്നു. പാലിയറ്റീവ് പ്രവര്‍ത്തനങ്ങളിലും ഡോ. സന്ധ്യ സജീവമാണ്.

വോട്ടെടുപ്പിന്റെ തുടക്കം മുതല്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയിരുന്ന ഗായകന്‍ കൊല്ലം ഷാഫി അവസാന പോരട്ടത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പോകുന്നതാണ് കണ്ടത്. 1151 വോട്ടുകളാണ് അദ്ദേഹം നേടിയത്. ജനങ്ങള്‍ക്കിടയില്‍ തരംഗമായി മാറിയ ഒരുപിടി ഗാനങ്ങള്‍സമ്മാനിച്ച കൊല്ലം ഷാഫി ആല്‍ബം പാട്ടുകളിലൂടെയാണ് ശ്രദ്ധേയനായത്. ഗായകന്‍ എന്ന നിലയിലും ഗാനരചയിതാവ് എന്ന നിലയിലും ഷാഫി ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ ‘കണ്ണില്‍ എന്റെ’ എന്ന ഗാനത്തിലെ സൂഫി വരികള്‍ രചിച്ചത് കൊല്ലം ഷാഫിയാണ്. ഫ്ളവേഴ്സ് ടി.വിയിലെ സ്റ്റാര്‍ മാജിക് എന്ന എന്റര്‍ടെയിന്‍മെന്റ് ഷോയിലെ നിറസാന്നിധ്യമായിരുന്നു കൊല്ലം ഷാഫി. Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താ താരം 2021 പരിപാടിയിലെ ഏക ഗായകനാണ് ഷാഫി.

കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയാണ് നാലാമതുള്ളത്. 633 വോട്ടുകളാണ് അവര്‍ നേടിയത്. ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് രംഗത്ത് പ്രസിഡന്റ് പദവിയിലിരിക്കെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചാണ് ജമീലയെന്ന പൊതുരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 2011ല്‍ തുടക്കമിട്ട സ്നേഹസ്പര്‍ശം പദ്ധതി കാനത്തില്‍ ജമീല നേതൃത്വം നല്‍കിയ ഭരണസമിതിയുടെ വലിയ നേട്ടങ്ങളിലൊന്നായിരുന്നു. വൃക്ക രോഗികളുടെ ചികിത്സയ്ക്കും പരിപാലനത്തിനുമായി തുടങ്ങിയ പദ്ധതിയായിരുന്നു അത്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിന് പുറമേ ജനകീയമായി സഹായങ്ങള്‍ സ്വീകരിച്ചുമായിരുന്നു മാതൃകാ ഇടപെടല്‍. ഡയാലിസിസിന് കാത്തിരിക്കുന്ന നൂറുകണക്കിന് പേര്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിച്ചത്.

ഇവരുള്‍പ്പെടെ പതിനാല് പേരാണ് ആദ്യഘട്ട മത്സരത്തിലുണ്ടായിരുന്നത്. കൊയിലാണ്ടി സി.ഐ എന്‍ സുനില്‍കുമാര്‍ മികച്ച മത്സരം കാഴ്ചവെച്ചെങ്കിലും അവസാന നാലുപേരുടെ പട്ടികയില്‍ ഇടംനേടാനായില്ല. ക്രിക്കറ്റ്താരം റോഹന്‍ കുന്നുമ്മല്‍, മുന്‍ എം.എല്‍.എ കെ. ദാസന്‍, ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി, ഡി.സി.സി. പ്രസിഡന്റ് പ്രവീണ്‍കുമാര്‍, യുവഎഴുത്തുകാരന്‍ റിഹാന്‍ റാഷിദ്, വനമിത്ര പുരസ്‌കാരം നേടിയ രാഘവന്‍ സി. അരിക്കുളം, പയ്യോളി നഗരസഭ ചെയര്‍മാന്‍ ഷഫീഖ് വടക്കയില്‍, ഗാനരചയിതാവ് നിധീഷ് നടേരി, സംവിധായന്‍ മനു അശോകന്‍ എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്നത്.