അപകടം നടന്നാൽ കണ്ണടയ്ക്കല്ലേ, അപകടത്തിൽ പെട്ടവരെ രക്ഷിച്ചാൽ കാഷ് അവാർഡ്; ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നവർക്ക് ഒരു ലക്ഷം രൂപ


കോഴിക്കോട്: മരണം സംഭവിക്കാമായിരുന്ന അപകടങ്ങളിൽ പെട്ടവരെ അപകടം നടന്ന് ആദ്യ ഒരു മണിക്കൂറിൽ(ഗോൾഡൻ അവർ) അടുത്ത ആശുപത്രിയിൽ എത്തിക്കുന്നവർക്ക് 5,000 രൂപയുടെ ‘ഗുഡ് സമരിത്തൻ കാഷ് അവാർഡ്’ നൽകാൻ പദ്ധതി.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സഹായിച്ചവരുടെ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പോലീസ് മേധാവി എന്നിവർ കമ്മിറ്റിക്ക് ശുപാർശ ചെയ്യണം. ഇത് ജില്ലാ കലക്ടർ ചെയർമാനും ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവർ അംഗങ്ങളായ ജില്ലാതല ഗുഡ് സമരിത്തൻ
അപ്രൈസൽ കമ്മിറ്റി അംഗീകരിച്ച് സംസ്ഥാന തലത്തിലേക്ക് നൽകുകയും 5,000 രൂപ കാഷ് അവാർഡ് ഓൺലൈനായി അക്കൗണ്ടിലേക്ക് നൽകുകയും ചെയ്യുന്നതാണ് പദ്ധതി. ഇതിൽ നിന്നും തിരഞ്ഞെടുത്ത 10 പേർക്ക് ദേശീയതലത്തിൽ ഒരു ലക്ഷം രൂപ വീതം നൽകും.

ഇങ്ങനെ സഹായിക്കുന്നവരെ കേസിൽ സാക്ഷികളാക്കുവാൻ പാടില്ല എന്ന് നിയമത്തിൽ നിർദ്ദേശമുണ്ട്. അപകടത്തിൽ വഴിവക്കിൽ ഉപേക്ഷിക്കപ്പെട്ട് മരണപ്പെടുന്നവരുടെ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്.

ജില്ലയിൽ ഗുഡ് സമരിത്തൻ കാഷ് അവാർഡു’കൾ ശുപാർശ ചെയ്യുന്നതിനായി കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി ചെയർമാനായ ജില്ലാതല അപ്രൈസൽ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ എ. ഡി. എം മുഹമ്മദ് റഫീഖ്, ഡി.എം.ഒ ഉമ്മർ ഫാറൂഖ്, ട്രാഫിക്ക് എ.സി.പി പി.കെ സന്തോഷ്, ആർ. ടി.ഒ സുമേഷ് പി. ആർ തുടങ്ങിയവർ പങ്കെടുത്തു.

Suumary: Cash award for rescue of accident victims. one lakh for those selected at the national level